വിഴിഞ്ഞം: വിഴിഞ്ഞത്തെ മുസ് ലിം മേഖലയിൽ സ്വധീനമുറപ്പിക്കാനുള്ള ബിജെപി തന്ത്രം ഒടു വിൽ വിജയിച്ചു. നഗരസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര വേഷത്തിൽ കളത്തിലിറങ്ങിയ കോൺഗ്രസിന്റെയും സിപിഎമ്മിന്റെ യും വിമതൻമാർ ബിജെപിയിൽ ചേർന്ന് അംഗത്വവും സ്വീകരിച്ചു.
സ്ഥാനാർത്ഥി നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഹിസാൻ ഹുസൈൻ വിമതനായി രംഗത്തിറങ്ങിയത്. ഒരു വിഭാഗം കോൺഗ്രസുകാരെയും കൂട്ടുപിടിച്ച് നടത്തിയ പ്രചാരണത്തിൽ അഞ്ഞൂറിൽപ്പരം വോട്ടുനേടി മുന്നണികളെ ഞെട്ടിച്ചു. എന്നാൽ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഒരു മാസം തികയുംമുൻപ് സുഹൃത്തുക്കളായ ചിലരെയും കൂട്ടി ഹിസാൻ ബിജെപിയിൽ ചേക്കേറി.
ഹിസാൻ ഹുസൈനു പിന്നാലെ സിപിഎം വിമതനായി രംഗത്തിറങ്ങിയ എൻ.എ. റഷീദും കഴിഞ്ഞ ദിവസം ബിജെപിയിൽ തന്നെ അഭയം തേടി. നഗരസഭ മുൻ കൗൺസിലറും സിപിഎം മുൻ ലോക്കൽ കമ്മിറ്റി മെമ്പറും സിഐടിയു ജില്ലാകമ്മിറ്റി അംഗവുമായിരുന്നു എൻ.എ. റഷീദ്.
ബിജെപിയിൽപോയ റഷീദും സംഘവും സംസ്ഥാന പ്രസിഡ ന്റ് രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വവും സ്വീകരിച്ചു. 40 വർഷത്തെ കമ്മ്യൂണിസ്റ്റ് ബന്ധം ഉപേക്ഷിച്ചാണ് റഷീദിന്റെ ബിജെപി പ്രവേശനം. നഗരസഭ തെരഞ്ഞെടുപ്പിൽ കസേര ചിഹ്നത്തിൽ സ്വതന്ത്രനായി കളത്തിലിറങ്ങിയ റഷീദ് 150-ൽപ്പരം വോട്ട് കൊണ്ട് തൃപ്തിപ്പെട്ടെങ്കിലും സിപിഎം സ്ഥാനാർഥിയുടെ പരാജയത്തിനു കാരണമായെന്ന വിലയിരുത്തലാണ് ബിജെപികാരെ സ്വാധീനിച്ചത്. മുസ്ലിം വോട്ടർമാർ ഏറ്റവും കൂടുതലുള്ള വിഴിഞ്ഞം വാർഡിൽ നിന്നുതന്നെ രണ്ടുപേരെ പാട്ടിലാക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഇവിടത്തെ ബിജെപിക്കാർ.